NRI
ഓക്ലൻഡ്: മലയാളി നഴ്സ് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ന്യൂസിലൻഡിൽ അന്തരിച്ചു. എറണാകുളം അങ്കമാലി സ്വദേശി സോണി വർഗീസ്(31) ആണ് മരിച്ചത്. മലയാറ്റൂർ പറപ്പിള്ളി കുടുംബാംഗമാണ്.
ഭർത്താവ്: അങ്കമാലി കൊരട്ടി സ്വദേശി റോഷൻ ആന്റണി. മകൻ: ഒന്നര വയസുകാരനായ ആദം റോഷൻ. രണ്ടുവർഷം മുമ്പാണ് ഭർത്താവിനൊപ്പം സോണി ന്യൂസിലൻഡിലെത്തിയത്.
പ്രസവത്തിന് പിന്നാലെയാണ് ഹൃദയസംബന്ധമായ രോഗം തിരിച്ചറിഞ്ഞത്. ഹൃദയം മാറ്റിവയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു സോണിയും കുടുംബവും.
സോണിയുടെ നിര്യാണത്തിൽ ഓക്ലൻഡ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് ന്യൂസിലൻഡിൽ നടക്കും.
NRI
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.
ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്‍സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്‍പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്‍സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.